ചെന്നൈ: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ സിപിഐ ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ദൂരദര്‍ശനിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്.
പൊതു പ്രക്ഷേപണ സംവിധാനമായ ദൂരദര്‍ശനെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കലാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പി. സന്തോഷ് കുമാര്‍ എം.പി, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, അനില്‍ അക്കര തുടങ്ങിയവര്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുഫണ്ടും ഉപയോഗിച്ച് പ്രതിപക്ഷത്തെ ലക്ഷ്യം വെച്ച് പ്രസംഗിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഐ ആരോപിക്കുന്നു. കമ്മീഷന്റെ ഭാഗത്തുനിന്നുള്ള നിസ്സംഗത ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
