തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. പ്രശാന്തിനൊപ്പം അന്നത്തെ ബോര്‍ഡ് അംഗമായിരുന്ന അജി കുമാറിനെയും സംഘം ചോദ്യം ചെയ്തു. 2025-ല്‍ ശബരിമലയിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട നീക്കങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് എസ്‌ഐടി തേടിയത്.
2025-ല്‍ സ്വര്‍ണ്ണ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വിട്ടുനല്‍കാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് അന്വേഷണ സംഘം പരിശോധിച്ചു. നേരത്തെ അന്വേഷണം നിലച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ നീക്കമെന്ന് എസ്‌ഐടി വിശദീകരിക്കുന്നു. എന്നാല്‍ അന്വേഷണം ആറ് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്യുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

ജംഷഡ്പൂരിലെ ലാബില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്നാണ് എസ്‌ഐടി പറയുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി വാങ്ങാനുള്ള അപേക്ഷ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാതെ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാനിടയില്ലാത്തത് കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. അതേസമയം, കേസില്‍ തന്നെ കുടുക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുന്നുണ്ടെന്ന് പി.എസ്. പ്രശാന്ത് പ്രതികരിച്ചു.
