ഓട്ടവ: രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ‘ദേശീയ ഭക്ഷ്യ സുരക്ഷാ നയം’ (National Food Security Strategy) പ്രഖ്യാപിച്ച് ലിബറല്‍ സര്‍ക്കാര്‍. കാനഡയിലെ ഭക്ഷ്യ ഉത്പാദനം, സംഭരണം, വിതരണം എന്നിവയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് പുതിയ പദ്ധതി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3 ബില്യണ്‍ ഡോളറിലധികം (300 കോടി ഡോളര്‍) നിക്ഷേപമാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.
വന്‍കിട റീട്ടെയില്‍ ശൃംഖലകളോട് മത്സരിക്കാന്‍ ചെറുകിട-സ്വതന്ത്ര ഗ്രോസറി വ്യാപാരികളെ പ്രാപ്തരാക്കുന്നതിനായി 1 ബില്യണ്‍ ഡോളര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി മാറ്റിവെക്കും. ഇതിലൂടെ പുതിയ ഫുഡ് ടെര്‍മിനലുകളും ഹബുകളും സ്ഥാപിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ ചെറുകിട വ്യാപാരികള്‍ക്ക് സൗകര്യമൊരുങ്ങും. കൂടാതെ, കാനഡയില്‍ വര്‍ഷം മുഴുവന്‍ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതിനായി ഗ്രീന്‍ഹൗസുകള്‍, ഹൈഡ്രോപോണിക്സ് സംവിധാനങ്ങള്‍ എന്നിവ വ്യാപിപ്പിക്കാന്‍ 750 മില്യണ്‍ ഡോളറും അനുവദിച്ചിട്ടുണ്ട്. വിദൂര വടക്കന്‍, ഗ്രാമീണ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യ വഴി പച്ചക്കറി ഉത്പാദനം കൂട്ടാന്‍ ഇത് സഹായിക്കും.

കാനഡ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണെന്നും പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് അയക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘കാര്‍ഷികമേഖലയില്‍ നമ്മള് സൂപ്പര്‍ പവറാണ്. എന്നാല്‍ ശരാശരി കനേഡിയന്‍ പൗരന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ബില്ലിങ് കൗണ്ടറുകളില്‍ എത്തുമ്പോള്‍ അത് അനുഭവപ്പെടുന്നില്ല,’ അദ്ദേഹം പറഞ്ഞു. 2019ന് ശേഷം രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ 35 ശതമാനത്തോളം വര്‍ധനവുണ്ടായതായും ഒരു ശരാശരി കുടുംബം പ്രതിവര്‍ഷം 10,000 ഡോളറിലധികം പലചരക്ക് സാധനങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാനഡയില്‍ വലിയ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ സംസ്കരണത്തിനായി മറ്റു രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. കാനഡയിലെ കടുത്ത ശീതകാലം കാരണം ഉത്പാദന കാലാവധി കുറവായതിനാല്‍ 90 ശതമാനം പഴവര്‍ഗ്ഗങ്ങള്‍ക്കും 70 ശതമാനത്തിലധികം പച്ചക്കറികള്‍ക്കുമായി രാജ്യം വിദേശ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. നിലവില്‍ കാനഡയിലെ മൊത്തം ഗ്രോസറി വിപണിയുടെ 75 ശതമാനവും അഞ്ച് വന്‍കിട റീട്ടെയിലര്‍മാരുടെ നിയന്ത്രണത്തിലാണ്. ഇതിന് മാറ്റം വരുത്തി ആഭ്യന്തര സംസ്കരണ ശാലകള്‍ വര്‍ധിപ്പിക്കാനും വിദേശ രാജ്യങ്ങളോടുള്ള അമിത ആശ്രയത്വം കുറയ്ക്കാനും പുതിയ ഭക്ഷ്യ സുരക്ഷാ നയം വഴി സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
