Monday, June 15, 2026

ഉപയോക്താക്കള്‍ക്ക് ആശ്വാസം; ഹൈഡ്രോ ഓട്ടവയുടെ വന്‍നിരക്ക് വര്‍ധന തളളി

ഓട്ടവ: ഓട്ടവയില്‍ വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്താനുളള ഹൈഡ്രോ ഓട്ടവയുടെ നീക്കം തടഞ്ഞ് ഒന്റാരിയോ എനര്‍ജി ബോര്‍ഡ്. പ്രതിമാസം 5.87 ഡോളര്‍ വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് മാത്രം അനുമതി. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കണക്കിലെടുത്താണ് റെഗുലേറ്ററുടെ ഈ സുപ്രധാന ഇടപെടല്‍.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് വലിയ രീതിയിലുള്ള നിരക്ക് വര്‍ധന നടപ്പിലാക്കാനായിരുന്നു ഹൈഡ്രോ ഓട്ടവയുടെ ആദ്യ പദ്ധതി. ഇത് പ്രകാരം പ്രതിമാസം 750 കിലോവാട്ട് അവര്‍ (kWh) വൈദ്യുതി ഉപയോഗിക്കുന്ന ഒരു സാധാരണ ഉപഭോക്താവിന് 2026 ജനുവരി 1 മുതല്‍ നികുതികള്‍ക്ക് മുന്‍പായി പ്രതിമാസം 6.08 ഡോളര്‍ അധികം നല്‍കേണ്ടി വരുമായിരുന്നു. തുടര്‍ന്ന് 2027-ല്‍ 3.79 ഡോളറും, 2028-ല്‍ 3.31 ഡോളറും, 2029-ല്‍ 2.76 ഡോളറും, 2030-ല്‍ 2.78 ഡോളറും വീതം പ്രതിമാസ ബില്ലില്‍ വര്‍ധനവ് വരുത്താനാണ് കമ്പനി അനുമതി തേടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഒന്റാരിയോ എനര്‍ജി ബോര്‍ഡ് ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി തള്ളി.

അടുത്ത രണ്ട് പതിറ്റാണ്ടില്‍ നഗരത്തില്‍ ഉണ്ടായേക്കാവുന്ന വലിയ ഊര്‍ജ്ജ ആവശ്യകത മുന്‍നിര്‍ത്തി വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമാണ് തുക വിനിയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹൈഡ്രോ ഓട്ടവ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, സാങ്കേതികവിദ്യയിലും സൈബര്‍ സുരക്ഷയിലുമുള്ള നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കൊടുങ്കാറ്റുകളും പരിസ്ഥിതി വ്യതിയാനങ്ങളും കൈകാര്യം ചെയ്യല്‍ എന്നിവയാണ് പ്രവര്‍ത്തനച്ചെലവ് കൂടാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചത്. 2025 ഡിസംബറോടെ ബന്ധപ്പെട്ട കക്ഷികള്‍ ഭൂരിഭാഗം പ്രശ്‌നങ്ങളിലും ധാരണയിലെത്തിയിരുന്നു.

എന്നാല്‍, മെയ് 12-ന് പുറപ്പെടുവിച്ച തീരുമാനത്തില്‍, പരിസ്ഥിതി സംഘടനകളും ഉപഭോക്തൃ സംരക്ഷണ ഗ്രൂപ്പുകളും ഉന്നയിച്ച വാദങ്ങളെ ഒന്റാറിയോ എനര്‍ജി ബോര്‍ഡ് ശരിവെച്ചു. ഹൈഡ്രോ ഓട്ടവ ആവശ്യപ്പെട്ട പ്രവര്‍ത്തനച്ചെലവ് വര്‍ധന അമിതവും അനുചിതവുമാണെന്നും കൃത്യമായ കാരണങ്ങളുടെ പിന്തുണയില്ലാത്തതാണെന്നും ബോര്‍ഡ് വ്യക്തമാക്കി. കമ്പനി അഞ്ച് വര്‍ഷത്തെ പദ്ധതിയാണ് സമര്‍പ്പിച്ചതെങ്കിലും, നിലവിലെ അനുമതി 2026-ലേക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെന്ന് ജൂണ്‍ 11-ന് ഒ.ഇ.ബി സി.ഇ.ഒ കരോലിന്‍ കാല്‍വെല്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വിശ്വസനീയമായ സേവനം ഉറപ്പാക്കുന്നതോടൊപ്പം നിരക്കുകള്‍ ന്യായമായി നിലനിര്‍ത്താന്‍ ബോര്‍ഡ് ശ്രദ്ധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിരക്ക് വര്‍ധനയ്ക്ക്് 2026 ജനുവരി 1 മുതല്‍ മുന്‍കാലപ്രാബല്യമുണ്ട്. അതിനാല്‍, ഈ കുടിശ്ശിക തീര്‍ക്കുന്നതിനായി 2027 മെയ് മാസം വരെ പ്രതിമാസം ശരാശരി 1.80 ഡോളര്‍ വീതം ഉപഭോക്താക്കളുടെ ബില്ലില്‍ അധികമായി ചേര്‍ക്കും. അടുത്ത നാല് വര്‍ഷങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനായി ഹൈഡ്രോ ഓട്ടവയ്ക്ക് ഓരോ വര്‍ഷവും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടി വരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!