ടൊറന്റോ: ടൊറന്റോയിലെ തിരക്കേറിയ ഹൈവേയായ ഡൗണ്‍ വാലി പാര്‍ക്ക്വേയില്‍ ഡണ്ടാസ് സ്ട്രീറ്റിന് സമീപം ഇരുവശങ്ങളിലുമുണ്ടായ വാഹനാപകടങ്ങളെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ ഈ അപകടങ്ങള്‍. ഹൈവേയുടെ നോര്‍ത്ത്ബൗണ്ട് ലെയിനില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ഗോ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മറ്റൊരു ബസ്സിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
ഇതേ സമയത്ത് തന്നെ ഹൈവേയുടെ സൗത്ത്ബൗണ്ട് (Southbound) ലെയിനിലും മറ്റൊരു അപകടം സംഭവിച്ചു. ഇതോടെ ഹൈവേയിലൂടെയുള്ള ഇരുവശത്തേക്കുമുള്ള വണ്ടികളുടെ പോക്ക് പൂര്‍ണ്ണമായും സ്തംഭിച്ചു. സൗത്ത്ബൗണ്ടിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരു ഡ്രൈവര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ഒരു ലെയിനിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

ഹൈവേയിലെ സ്ഥിതി അതീവ സങ്കീര്‍ണ്ണമാണെന്നും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും ട്രാഫിക് വിദഗ്ദ്ധര്‍ വ്യക്തമാക്കി. ‘വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണുള്ളത്. പ്രസ്തുത റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കി ഡ്രൈവര്‍മാര്‍ മറ്റ് ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
