സെന്റ് ജോണ്‍സ്: ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിര്‍ ഏര്‍പ്പെടുത്തിയിരുന്ന വിന്റര്‍ ഇന്ധന വില നിയന്ത്രണം നീക്കിയതോടെ ഇന്ധനവില കുതിച്ചുയര്‍ന്നു. പബ്ലിക് യൂട്ടിലിറ്റീസ് ബോര്‍ഡ് (PUB) ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ വിവിധ മേഖലകളില്‍ ലിറ്ററിന് 38.8 സെന്റ് മുതല്‍ 40.8 സെന്റ് വരെയാണ് വില വര്‍ധിപ്പിച്ചത്.
കഠിനമായ ശീതകാലത്ത് ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോലേക്ക് ഇന്ധനം എത്തിക്കാനുള്ള ബുദ്ധിമുട്ട് മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും ഇന്ധനവില മരവിപ്പിക്കാറുണ്ട്. വസന്തകാലത്ത് ഇന്ധന വിതരണം പുനരാരംഭിക്കുന്നത് വരെ ഈ നിശ്ചിത വിലയിലാണ് വില്‍പ്പന നടക്കുക. ഈ വില നിയന്ത്രണമാണ് ചൊവ്വാഴ്ചയോടെ അധികൃതര്‍ നീക്കിയത്. ഇതോടെ സ്‌ട്രെയിറ്റ്‌സ് മുതല്‍ റെഡ് ബേ വരെയുള്ള പ്രദേശങ്ങളിലും തെക്കന്‍ ലാബ്രഡോറിലും ലിറ്ററിന് 38.8 സെന്റ് വര്‍ധിച്ചു. അതേസമയം കാര്‍ട്ട്റൈറ്റ്, സെന്‍ട്രല്‍ ലാബ്രഡോര്‍ മേഖലകളില്‍ ലിറ്ററിന് 40.8 സെന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ പരമാവധി ഇന്ധനവില ലിറ്ററിന് 1.72 ഡോളറിനും 2.14 ഡോളറിനും ഇടയിലാണ്.
അതേസമയം ന്യൂഫിന്‍ലാന്‍ഡ്, ലാബ്രഡോര്‍ വെസ്റ്റ്, ചര്‍ച്ചില്‍ ഫാള്‍സ് എന്നീ മേഖലകളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ഇറാനും അമേരിക്കയും തമ്മില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് സമാധാന കരാറിലെത്തിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞത്. ഇതിന്റെ പ്രതിഫലനമാണ് കാനഡയിലെ പ്രാദേശിക വിപണിയിലും ദൃശ്യമായത്.

ചൊവ്വാഴ്ച രാവിലെ മുതല്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് 2.4 സെന്റിന്റെ കുറവുണ്ടായി. അവലോണ്‍ പെനിന്‍സുലയില്‍ സെല്‍ഫ് സര്‍വീസ് പമ്പുകളില്‍ ഒരു ലിറ്റര്‍ റെഗുലര്‍ പെട്രോളിന്റെ വില 1.86 ഡോളറിന് താഴെയായി. ഫോഗോ ഐലന്‍ഡ്, കോണൈഗ്രെ പെനിന്‍സുല എന്നിവിടങ്ങളില്‍ ഇത് 1.94 ഡോളറാണ്. പെട്രോളിനേക്കാള്‍ വലിയ കുറവ് രേഖപ്പെടുത്തപ്പെട്ടത് ഡീസല്‍, ഫര്‍ണസ് ഓയില്‍ നിരക്കുകളിലാണ്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 5.2 സെന്റ് വരെ കുറവുണ്ടായപ്പോള്‍, വെസ്റ്റേണ്‍ ലാബ്രഡോറിലും ചര്‍ച്ചില്‍ ഫാള്‍സിലും 7.7 സെന്റ് വരെ കുറഞ്ഞു. ഫര്‍ണസ് ഓയിലിന് 4.44 സെന്റും സ്റ്റൗ ഓയിലിന് 7.42 സെന്റും വില കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച അടുത്ത വില പുതുക്കല്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
