Saturday, June 20, 2026

ഒന്റാരിയോയില്‍ പുതിയ കോസ്റ്റ്‌കോ ഔട്ട്ലെറ്റ് വരുന്നു; വിവിധ കമ്മ്യൂണിറ്റികള്‍ക്ക് ആശ്വാസമാകും

ഒന്റാരിയോ: പടിഞ്ഞാറന്‍ ജിടിഎയില്‍ പുതിയ കോസ്റ്റ്‌കോ പദ്ധതിക്ക് പ്ലാനിങ് കമ്മിറ്റിയുടെ പച്ചക്കൊടി. കഴിഞ്ഞ ദിവസം ചേര്‍ന്ന കാലിഡണ്‍ ടൗണ്‍ പ്ലാനിങ് കമ്മിറ്റി യോഗം ഈ വികസന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ഉദ്യോഗസ്ഥരുടെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി. ബ്രാംപ്ടണ്‍ അതിര്‍ത്തിക്ക് തൊട്ടുവടക്കായി, മെയ്ഫീല്‍ഡ് റോഡിന്റെയും ക്രെഡിറ്റ്വ്യൂ റോഡിന്റെയും വടക്കുപടിഞ്ഞാറേ മൂലയിലുള്ള ‘12100 ക്രെഡിറ്റ്വ്യൂ റോഡ്’ എന്ന സ്ഥലത്താണ് ഈ വലിയ വാണിജ്യ സമുച്ചയം വരുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കോസ്റ്റ്‌കോയ്ക്ക് പുറമെ മറ്റ് പ്രമുഖ ബ്രാന്‍ഡുകളുടെ സ്റ്റോറുകളും ഇവിടെ സ്ഥാപിക്കപ്പെടും.

ഭൂമിശാസ്ത്രപരമായി ഇത് കാലിഡണിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, അതിവേഗം വളരുന്ന വടക്കുപടിഞ്ഞാറന്‍ ബ്രാംപ്ടണിലെ താമസക്കാര്‍ക്കായിരിക്കും ഇതിന്റെ പ്രധാന പ്രയോജനം ലഭിക്കുക. നിലവില്‍ ഈ മേഖലയിലുള്ളവര്‍ ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്താണ് കോസ്റ്റ്‌കോ ഷോപ്പിങ് നടത്തുന്നത്. കൂടാതെ ഹാല്‍ട്ടണ്‍ ഹില്‍സ്, മില്‍ട്ടണ്‍ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളെയും ഈ പുതിയ കേന്ദ്രം ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കമ്മിറ്റി അനുകൂല തീരുമാനമെടുത്തത്. ഈ പ്രദേശം ഭാവിയില്‍ വരാനിരിക്കുന്ന ‘ഹൈവേ 413’ ഗതാഗത ഇടനാഴിക്ക് തടസ്സമാകില്ലെന്നും ആവശ്യത്തിന് ജല-മലിനജല സംസ്‌കരണ ശേഷിയുണ്ടെന്നും ഡെവലപ്പര്‍മാര്‍ രേഖകള്‍ വഴി തെളിയിച്ചിട്ടുണ്ട്.

ഏകദേശം 36 ഏക്കര്‍ സ്ഥലത്തായി പരന്നുകിടക്കുന്ന ഈ വാണിജ്യ പദ്ധതിയുടെ പ്രധാന ആകര്‍ഷണം 1,67,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കോസ്റ്റ്‌കോ വെയര്‍ഹൗസും അതിന്റെ ഗ്യാസ് സ്റ്റേഷനുമായിരിക്കും. ഒന്റാറിയോയിലെ മറ്റ് പ്രധാന കോസ്റ്റ്‌കോ ശാഖകള്‍ക്ക് സമാനമായ വലിപ്പമാണ് ഇതിനും വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ പ്രോജക്റ്റ് വെറുമൊരു കോസ്റ്റ്‌കോയില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രശസ്ത സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ‘ചാലോ ഫ്രെഷ്‌കോ’ (Chalo FreshCo), വിവിധ റീട്ടെയില്‍ കെട്ടിടങ്ങള്‍, റെസ്റ്റോറന്റുകള്‍, ഡ്രൈവ്-ത്രൂ സൗകര്യമുള്ള ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റ് എന്നിവയും ഈ സമുച്ചയത്തിന്റെ ഭാഗമായി മാറും.

ഈ സ്ഥലത്ത് കോസ്റ്റ്‌കോ കൊണ്ടുവരാനുള്ള രണ്ടാമത്തെ ശ്രമമാണിത് എന്ന പ്രത്യേകതയുമുണ്ട്. 2022-ല്‍ സമാനമായ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും, ഇത്രയും വലിയൊരു സ്ഥാപനത്തെ ഉള്‍ക്കൊള്ളാന്‍ അവിടുത്തെ പ്രാദേശിക ഇന്‍ഫ്രാസ്ട്രക്ചറിന് കഴിയില്ലെന്ന ആശങ്കയെത്തുടര്‍ന്ന് കാലിഡണ്‍ കൗണ്‍സില്‍ അത് നിരസിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ മേഖലയിലുണ്ടായ ജനസംഖ്യാ വളര്‍ച്ചയും ഗതാഗത സൗകര്യങ്ങളിലെ പുരോഗതിയും കണക്കിലെടുത്ത് 2024-ന്റെ അവസാനത്തോടെ ‘12100 ഡെവലപ്മെന്റ് ലിമിറ്റഡ്’ പുതിയ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഉദ്ഘാടനത്തോട് അടുക്കുമ്പോള്‍ മാത്രം ഔദ്യോഗിക പ്രഖ്യാപനം നടത്തുന്ന കോസ്റ്റ്‌കോയുടെ പതിവ് ശൈലി കാരണം കമ്പനി ഇതില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, ഔദ്യോഗിക പ്ലാനിങ് രേഖകളില്‍ പ്രധാന പങ്കാളിയായി കോസ്റ്റ്‌കോയെത്തന്നെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്ലാനിങ് കമ്മിറ്റിയുടെ ഈ തീരുമാനം അന്തിമ അംഗീകാരത്തിനായി ഉടന്‍ തന്നെ കാലിഡണ്‍ കൗണ്‍സിലിന് കൈമാറും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!