മണ്‍ട്രിയോള്‍: മണ്‍ട്രിയോളില്‍ സംശയത്തിന്റെ പേരില്‍ ആളുകളെ തടഞ്ഞുനിര്‍ത്തിയുള്ള യാതൊരു മുന്നറിയിപ്പുമില്ലാത്ത പരിശോധനകള്‍
താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്‍ട്രിയോള്‍ മേയര്‍ സൊരയ മാര്‍ട്ടിനെസ് ഫെറാഡ രംഗത്ത്. പൊലീസ് പരിശോധനകളില്‍ വമസീയ അധിക്ഷേപം ഉയരുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മേയറുടെ നടപടി. തന്റെ ഭര്‍ത്താവ് കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ വിവേചനപരമായ ഇത്തരം പോലീസ് പരിശോധനകള്‍ക്ക് പലതവണ ഇരയായിട്ടുണ്ടെന്ന് മേയര്‍ വെളിപ്പെടുത്തി.
മണ്‍ട്രിയോള്‍-നോര്‍ത്ത് പട്രോളിങ് യൂണിറ്റിലെ പതിനാറോളം പോലീസ് ഉദ്യോഗസ്ഥര്‍ വംശീയ അധിക്ഷേപക്കേസില്‍ അന്വേഷണം നേരിടുന്നതായി പോലീസ് ചീഫ് ഫാഡി ഡാഗര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മേയറുടെ ഈ പ്രതികരണം. പ്രതികളായ ഉദ്യോഗസ്ഥര്‍ കറുത്ത വര്‍ഗ്ഗക്കാരായ ആളുകളുടെ തലമുടി ബലമായി മുറിച്ചെടുത്ത് ട്രോഫികളെപ്പോലെ സൂക്ഷിച്ചുവെച്ചു എന്ന ക്രൂരമായ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സംഭവത്തെത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഈ പട്രോളിങ് യൂണിറ്റ് തന്നെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ ഇത്തരം പരിശോധനകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയാണ് ആദ്യ പടിയെന്ന് മേയര്‍ പറഞ്ഞു. കൂടാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോഡി ക്യാമറകള്‍ നിര്‍ബന്ധമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്വതന്ത്രമായ പൊതുഅന്വേഷണം വേണമെന്ന ആവശ്യങ്ങള്‍ ശക്തമാകുന്നതിനിടയില്‍, നിലവിലെ പോലീസ് അന്വേഷണത്തിന്റെ ഫലം വന്നതിനുശേഷം തുടനടപടികള്‍ സ്വീകരിക്കുമെന്ന് പ്രവിശ്യാ പ്രീമിയര്‍ ക്രിസ്റ്റിന്‍ ഫ്രെഷെറ്റ് (Christine Fréchette) അറിയിച്ചു. ജൂലൈ 8-ന് നടക്കുന്ന പൊതുയോഗത്തില്‍ ഈ വംശീയ അധിക്ഷേപ ആരോപണങ്ങളെക്കുറിച്ച് മോണ്‍ട്രിയോള്‍ പോലീസിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.
