Sunday, June 21, 2026

മണ്‍ട്രിയോളില്‍ റോഡുകള്‍ വെളളക്കെട്ടില്‍, വൈദ്യുതി തടസ്സപ്പെട്ടു; വരും ദിവസങ്ങളിലും മഴ കനക്കും

മണ്‍ട്രിയോള്‍: ശനിയാഴ്ച പെയ്ത് മഴയെത്തുടര്‍ന്ന് വെളളക്കെട്ടിലായി മണ്‍ട്രിയോള്‍ നഗരം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമാണ്. എന്‍വയോണ്‍മെന്റ് കാനഡയുടെ കണക്കുകള്‍ പ്രകാരം 100 മുതല്‍ 150 മില്ലിമീറ്റര്‍ വരെ മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.

വെസ്റ്റ് ഐലന്‍ഡ് മേഖലയിലെ പിയറിഫോണ്ട്‌സ്-റോക്‌സ്‌ബോറോ (Pierrefonds-Roxboro), ഡോളാര്‍ഡ്-ഡെസ്-ഓര്‍മോ (Dollard-des-Ormeaux) തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും വീടുകളുടെ ബേസ്മെന്റുകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡുകളിലെ വാഹനങ്ങളില്‍ കുടുങ്ങിക്കിടന്ന നിരവധി ആളുകളെ അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് പുറത്തെത്തിച്ചത്. മുന്‍പൊന്നുമില്ലാത്ത വിധം കനത്ത നാശനഷ്ടമാണ് ഇത്തവണ പല വീടുകള്‍ക്കും സംഭവിച്ചിരിക്കുന്നത്.

റേഡിയോ-കാനഡയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്ച വൈകുന്നേരം മാത്രം 911 അടിയന്തര നമ്പറിലേക്ക് അറുന്നൂറിലധികം കോളുകളാണ് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് ഇരുപതിനായിരത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടിയന്തര വിഭാഗങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് ഹൈഡ്രോ-കെബെക്ക് പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെയും അയ്യായിരത്തിലധികം ഉപഭോക്താക്കള്‍ ഇരുട്ടിലാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പിയറിഫോണ്ട്‌സിലെ ലൈബ്രറി, കമ്മ്യൂണിറ്റി സെന്റര്‍,Versailles പൂള്‍ ഉള്‍പ്പെടെയുള്ള നിരവധി പൊതുസ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഴ മണ്‍ട്രിയോളിലെ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. മോശം കാലാവസ്ഥ കാരണം വിമാന സര്‍വീസുകള്‍ വൈകാനും ലഗേജ് ഡെലിവറി തടസ്സപ്പെടാനും സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് സമയവിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മോണ്‍ട്രീജി (Montérégie) മേഖലയിലെ ചില മുന്‍സിപ്പാലിറ്റികളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെയ്ന്റ്-മാത്യുവില്‍ (Saint-Mathieu) ദുരിതബാധിതര്‍ക്കായി താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദക്ഷിണ കെബെക്കിലും മണ്‍ട്രിയോളിലും ഞായറാഴ്ചയും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍വയോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!