Tuesday, July 7, 2026

ജര്‍മനിയുമായി കോടികളുടെ അന്തര്‍വാഹിനി കരാറിലെത്തി കാനഡ; 12 അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിക്കും

ഓട്ടവ: കാനഡയുടെ നാവികസേനയ്ക്കായി അത്യാധുനിക സവിശേഷതകളോടു കൂടിയ പുതിയ അന്തര്‍വാഹിനി നിര്‍മ്മിക്കുന്നതിനായി ജര്‍മ്മന്‍ കമ്പനിയായ ടി.കെ.എം.എസ് (TKMS)-നെ തിരഞ്ഞെടുത്തതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സംഭരണ കരാറാണിത്. ആകെ 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ നാല് അന്തര്‍വാഹിനികള്‍ 2034-ഓടെ കാനഡയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജര്‍മ്മനിയും നോര്‍വേയും നല്‍കിയിട്ടുള്ള ഓര്‍ഡറുകളില്‍ മാറ്റം വരുത്തിക്കൊണ്ടായിരിക്കും കാനഡയ്ക്കുള്ള ആദ്യ പ്രതിരോധ വ്യൂഹം ടി.കെ.എം.എസ് സമയബന്ധിതമായി നിര്‍മ്മിച്ച് നല്‍കുക.

1998-ല്‍ ബ്രിട്ടനില്‍ നിന്നും വാങ്ങിയതും നിലവില്‍ സാങ്കേതിക തകരാറുകള്‍ മൂലം പ്രതിസന്ധി നേരിടുന്നതുമായ നാല് വിക്ടോറിയ ക്ലാസ് അന്തര്‍വാഹിനികള്‍ക്ക് പകരമായാണ് കാനഡ പുതിയ 12 അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. നിലവിലുള്ളവയില്‍ ഒന്നുമാത്രമാണ് പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമം. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹന്‍വയും (Hanwha) ജര്‍മ്മനിയുടെ ടി.കെ.എം.എസും തമ്മില്‍ കടുത്ത മത്സരമാണ് ഈ കരാറിനായി നടന്നതെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. രണ്ട് കമ്പനികളും മികച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും നാറ്റോ (NATO) സഖ്യരാജ്യങ്ങളുമായുള്ള കണക്റ്റിവിറ്റിയും ആര്‍ട്ടിക് സമുദ്രത്തിലെ പ്രതിരോധ മികവും കണക്കിലെടുത്താണ് ജര്‍മ്മന്‍-നോര്‍വീജിയന്‍ കണ്‍സോര്‍ഷ്യത്തിന് മുന്‍ഗണന നല്‍കിയത്.

അന്തര്‍വാഹിനികള്‍ വാങ്ങുന്നതിനും അടുത്ത 30 മുതല്‍ 50 വര്‍ഷത്തെ അവയുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ആകെ 100 ബില്യണ്‍ ഡോളറിലധികം (കനേഡിയന്‍ ഡോളര്‍) ചിലവാണ് കണക്കാക്കുന്നത്. ഇതില്‍ അന്തര്‍വാഹിനികളുടെ നിര്‍മ്മാണത്തിന് മാത്രം ഏകദേശം 12 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവ് വരും. കാനഡ വിദേശത്ത് നിക്ഷേപിക്കുന്ന തുകയ്ക്ക് തുല്യമായ തുക തിരികെ കാനഡയില്‍ത്തന്നെ ടി.കെ.എം.എസ് നിക്ഷേപിക്കണമെന്ന കടുത്ത നിബന്ധനയും കരാറിലുണ്ട്. ഇതുവഴി കാനഡയിലുടനീളം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ബഹിരാകാശം, സ്വയംഭരണ സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപം വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ആണവ ഇതര അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ടി.കെ.എം.എസ്, നിലവില്‍ നാറ്റോ വ്യൂഹത്തിന്റെ 70 ശതമാനവും വിതരണം ചെയ്യുന്ന കമ്പനിയാണ്. ഈ പുതിയ കരാറിലൂടെ കാനഡ യൂറോപ്യന്‍ യൂണിയനുമായും നാറ്റോ സഖ്യവുമായും കൂടുതല്‍ അടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തുര്‍ക്കിയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. അതേസമയം, ഇതൊരു പ്രഖ്യാപനം മാത്രമാണെന്നും അടിയന്തിരമായി അന്തര്‍വാഹിനികള്‍ ലഭ്യമാക്കാനുള്ള നടപടികളാണ് വേണ്ടതെന്നും പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിമര്‍ശിച്ചു. നിലവില്‍ കമ്പനിയുമായി കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഏതെങ്കിലും കാരണത്താല്‍ ഇത് പരാജയപ്പെട്ടാല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹന്‍വയെ പരിഗണിക്കുമെന്നും കനേഡിയന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!