Tuesday, July 7, 2026

കള്ളാടി മണ്ണിടിച്ചില്‍: അപകട സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു; മിനിറ്റ്‌സ് പുറത്തുവിട്ട് PWD

വയനാട്: വയനാട് മേപ്പാടിയില്‍ കള്ളാടി തുരങ്കപാത നിര്‍മ്മാണം നടക്കുന്നയിടത്ത് വന്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് (PWD). നിര്‍മ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയില്‍ ഇടിഞ്ഞുതാഴ്ന്നാണ് ദുരന്തമുണ്ടായത്. പദ്ധതി പ്രദേശത്തെ മണ്ണുകൂനകള്‍ കാരണം മഴക്കാലത്ത് ‘സോയില്‍ പൈപ്പിങ്’ (Soil piping), ‘സ്ലോപ് സ്റ്റെബിലിറ്റി’ (Slope stability) പ്രതിഭാസങ്ങള്‍ മൂലം അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ഇത് തടയാന്‍ അടിയന്തിര മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജൂണ്‍ 25-ന് ചേര്‍ന്ന അവലോകന യോഗത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഔദ്യോഗിക യോഗ മിനിറ്റ്സും പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.

തുരങ്കപാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും കൃഷി മന്ത്രി ടി. സിദ്ദിഖും മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടമുണ്ടാക്കുന്ന രീതിയില്‍ കിടന്ന മണ്ണ് മുന്‍കൂട്ടി നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജൂണ്‍ 20-ാം തീയതി തന്നെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ഉത്തരവിറക്കിയിരുന്നു. പി.ഡബ്ല്യു.ഡി മന്ത്രിയും കരാറുകാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ നിര്‍മ്മാണക്കമ്പനിയും കരാറുകാരും ഈ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു. കനത്ത മഴ ഇപ്പോഴും തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെളി കലര്‍ന്നതും വ്യത്യസ്തമായ ഘടനയുള്ളതുമായ മണ്ണ് സ്‌ക്രാപ്പ് ചെയ്ത് വെച്ചിരുന്നതാണ് ദൗര്‍ഭാഗ്യകരമായ ഈ ദുരന്തത്തിന് വഴിവെച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അധികൃതര്‍ കാട്ടിയ ഗുരുതരമായ അനാസ്ഥയാണ് മേപ്പാടിയില്‍ സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി ടി. സിദ്ദിഖും ആവര്‍ത്തിച്ചു. ചെറിയൊരു മഴ പെയ്താല്‍ പോലും ഇവിടെ വലിയ അപകടം സംഭവിക്കുമെന്നതിന്റെ കൃത്യമായ സൂചനകള്‍ കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗങ്ങളില്‍ നല്‍കിയിരുന്നതാണ്. അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ നിര്‍മ്മാണ കമ്പനിയുടെ ഭാഗത്തുനിന്ന് വലിയ പാളിച്ചയുണ്ടായിട്ടുണ്ടെന്ന് ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ അനുസരിക്കാതെ മുന്നോട്ടുപോയ സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നും ഇതിന് പിന്നിലെ വീഴ്ചകള്‍ സര്‍ക്കാര്‍ ശക്തമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടകാരണമെന്ന സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും വാദം തള്ളി നിര്‍മ്മാണ കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!