ഓട്ടവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വധക്കേസിലെ വിചാരണ 2028-ൽ ആരംഭിച്ചേക്കുമെന്ന് കാനഡയിലെ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. വിചാരണയ്ക്ക് മുന്നോടിയായുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ഏകദേശം 18 മാസം കൂടി വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂ വെസ്റ്റ്മിൻസ്റ്റർ ലോ കോർട്ടിലാണ് കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്. വിചാരണയ്ക്ക് മുമ്പുള്ള വിവിധ അപേക്ഷകളും നിയമവാദങ്ങളും 2028-ന്റെ തുടക്കം വരെ തുടരുമെന്നും, അതിനാൽ വിചാരണയുടെ കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് കൊളംബിയ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു.

കേസിലെ നാല് പ്രതികളും നിലവിൽ കസ്റ്റഡിയിലാണ്. ഇന്ത്യൻ പൗരന്മാരായ കരൺ ബ്രാർ, കമൽപ്രീത് സിങ്, കരൺപ്രീത് സിങ്, അമൻദീപ് സിങ് എന്നിവരാണ് പ്രതികൾ. ജൂലൈ 16-ന് കേസ് മാനേജ്‌മെന്റ് കോൺഫറൻസിന്റെ ഭാഗമായി ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കും.
2023 ജൂൺ 18-നാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറിയിൽ ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഗുരുതരമായ പ്രതിസന്ധി ഉടലെടുത്തിരുന്നു.പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട അന്വേഷണവും കോടതി നടപടികളും തുടരുകയാണ്.
