Wednesday, July 15, 2026

ടൊറന്റോയില്‍ തോക്ക് ലൈസന്‍സിനായുള്ള അപേക്ഷകളില്‍ വന്‍ വര്‍ധന; സുരക്ഷാ ആശങ്കയോടെ കാനഡ

ടൊറന്റോ: ഗ്രേറ്റര്‍ ടൊറന്റോ ആന്‍ഡ് ഹാമില്‍ട്ടണ്‍ ഏരിയയില്‍ (GTHA) തോക്ക് ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മുതിര്‍ന്നവര്‍, യുവാക്കള്‍, സ്ത്രീകള്‍, പുതിയ കുടിയേറ്റക്കാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ഒരു വിനോദമെന്ന നിലയില്‍ സ്‌പോര്‍ട്‌സ് ഷൂട്ടിങിലേക്ക് കടന്നുവരുന്നതാണ് ഈ വര്‍ധനക്ക് കാരണം.

റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ജി.ടി.എച്ച്.എ മേഖലയില്‍ ലൈസന്‍സ് അപേക്ഷകളില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. 2016-നും 2025-നും ഇടയില്‍ ജി.ടി.എച്ച്.എ (GTHA) മേഖലയിലുടനീളം അപേക്ഷകളില്‍ 49 ശതമാനം വര്‍ധനയുണ്ടായി. ജിം ലീ താമസിക്കുന്ന പീല്‍ റീജിയണിലാണ് (Peel Region) ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത്. ഇവിടെ അപേക്ഷകള്‍ 110 ശതമാനമാണ് വര്‍ധിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കാനഡയില്‍ ആകെ 24,73,661 തോക്ക് ലൈസന്‍സ് ഉടമകളുണ്ട്. ഇതില്‍ സാധാരണ റൈഫിളുകളും ഷോട്ട്ഗണുകളും സ്വന്തമാക്കാനുള്ള പൊസഷന്‍ ആന്‍ഡ് അക്വിസിഷന്‍ ലൈസന്‍സിനും (PAL), ഹാന്‍ഡ്ഗണുകള്‍ (Handguns) പോലുള്ള നിയന്ത്രിത ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സിനും വേണ്ടിയുള്ള അപേക്ഷകള്‍ ഉള്‍പ്പെടുന്നു.

കാനഡയില്‍ തോക്ക് ലൈസന്‍സ് (PAL) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ കര്‍ശനമാണ്. അപേക്ഷകര്‍ ചെയ്യേണ്ട കാര്യങ്ങള്‍:

  • ഫയര്‍ആംസ് സേഫ്റ്റി കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കണം.
  • വിശദമായ പശ്ചാത്തല പരിശോധനയ്ക്ക് (Background Check) വിധേയരാകണം.
  • അപേക്ഷകരുടെ മാനസികാരോഗ്യ ചരിത്രവും വ്യക്തിബന്ധങ്ങളുടെ വിവരങ്ങളും സമര്‍പ്പിക്കണം.
  • നിലവിലെ പങ്കാളിയുടെയോ അല്ലെങ്കില്‍ മുന്‍ പങ്കാളികളുടെയോ സമ്മതം ഇതിനായി ആവശ്യമാണ്.

ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാലും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് ചീഫ് ഫയര്‍ആംസ് ഓഫീസര്‍മാര്‍ (CFO) നിരന്തരം നിരീക്ഷിക്കുകയും സംശയകരമായ സാഹചര്യങ്ങളില്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. കൂടാതെ, കാനഡയില്‍ സ്വയംരക്ഷയ്ക്ക് (Self-defence) വേണ്ടി മാത്രം തോക്ക് കൈവശം സൂക്ഷിക്കാന്‍ നിയമപരമായ അവകാശമില്ല എന്നതും ശ്രദ്ധേയമാണ്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വേട്ടയാടല്‍ ലക്ഷ്യമിട്ടാണ് ആളുകള്‍ തോക്കുകള്‍ വാങ്ങിയിരുന്നതെങ്കില്‍ ഇന്നത് വിനോദത്തിനായുള്ള സ്‌പോര്‍ട്‌സ് ആയി മാറിയിരിക്കുന്നു. മിസ്സിസാഗയിലെ പുതിയ ഗണ്‍ റേഞ്ചായ ‘ഡൗണ്‍ റേഞ്ച് സ്‌പോര്‍ട്‌സ് ഷൂട്ടിംഗ് റേഞ്ചില്‍’ എത്തുന്നവരില്‍ 60 ശതമാനവും പുതുതായി ഈ മേഖലയിലേക്ക് വരുന്നവരാണ്.

അതുപോലെ അക്‌സ്ബ്രിഡ്ജ് ക്ലേയ്‌സ് ടാര്‍ഗെറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. മുന്‍പ് പുരുഷന്മാര്‍ മാത്രം കൂടുതലായി നിന്നിരുന്ന ഈ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം 1-2 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 15 ശതമാനമായി ഉയര്‍ന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു വനിതയുടെ ഷൂട്ടിംഗ് വീഡിയോ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് 57-ാം വയസ്സില്‍ ലൈസന്‍സ് എടുത്ത ലീ ബിയാങ്കോയെപ്പോലുള്ള നിരവധി സ്ത്രീകള്‍ ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഷൂട്ടിങ് പരിശീലനത്തിനായി ക്ലബ്ബുകളില്‍ എത്തുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!