വയനാട്: കള്ളാടി ടണല്‍ റോഡ് പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ, അവിടെ നിലവില്‍ പ്രത്യക്ഷത്തില്‍ മറ്റ് അപകടാവസ്ഥകളൊന്നുമില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കി. ദുരന്ത സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സമിതിയുടെ പ്രാഥമിക പ്രതികരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് സുരക്ഷിതമായി മാറ്റുന്നതിനെക്കുറിച്ച് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി. തമ്പിയും സി.ഇ.എസ്.എസ് (CESS) പ്രതിനിധിയുമാണ് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചത്. ഡോ. സന്തോഷ് തമ്പി നേതൃത്വം നല്‍കുന്ന ഈ സമിതിയില്‍ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്. ടണല്‍ കവാടത്തിലും സമീപ പ്രദേശങ്ങളിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. എങ്കിലും വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് സമിതി വിശദമായി പരിശോധിക്കുന്നുണ്ട്.

ദുരന്ത പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ടണല്‍ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും, വരും നാളുകളില്‍ നിര്‍മ്മാണത്തിനിടെ ബാക്കിവരുന്ന മണ്ണും പാറക്കഷണങ്ങളും ശാസ്ത്രീയമായി നീക്കം ചെയ്യാനുള്ള നടപടികള്‍ വിദഗ്ധസംഘം വിലയിരുത്തി. കൂട്ടിയിട്ടിരിക്കുന്ന വലിയ അളവിലുള്ള മണ്ണ് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ എങ്ങോട്ട് മാറ്റും എന്നുള്ളത് വരും ദിവസങ്ങളില്‍ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി പ്രദേശത്ത് നടത്തിയ ഡ്രോണ്‍ സര്‍വേയില്‍ നിന്നുള്ള ദൃശ്യങ്ങളും ഡാറ്റയും വിദഗ്ധ സമിതി വിശദമായി പരിശോധിക്കുന്നതാണ്.
