നുനാവുട്ട്: റാങ്കിന്‍ ഇന്‍ലെറ്റിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ച വന്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്സിനൊപ്പം നിര്‍മാണ കമ്പനിയും ഖനന കമ്പനിയും രംഗത്ത്. ജൂലൈ നാലി നാണ് ഇവിടെ ആദ്യം തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഇത് പൂര്‍ണ്ണമായും അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയോടെ രണ്ടാമതും തീപിടുത്തമുണ്ടാവുകയായിരുന്നു. ഇതോടെയാണ് തദ്ദേശീയ ഭരണകൂടത്തെ സഹായിക്കാന്‍ ‘ഇനുക്ഷുക് കണ്‍സ്ട്രക്ഷനും’ (Inukshuk Construction) ‘അഗ്‌നികോ ഈഗിള്‍ മൈനും’ (Agnico Eagle Mine) യന്ത്രസാമഗ്രികളും തൊഴിലാളികളുമായി രംഗത്തിറങ്ങിയത്.
മാലിന്യ പ്ലാന്റിലേക്ക് വെള്ളമെത്തിക്കാന്‍ പൈപ്പ് ലൈന്‍ സംവിധാനമില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. തുടര്‍ന്ന് തീ പടരുന്നത് തടയാനായി ഏകദേശം 400 ട്രക്കുകളിലായി മണലെത്തിച്ച് മാലിന്യക്കൂമ്പാരത്തിന് മുകളില്‍ നിക്ഷേപിച്ചതായി റാങ്കിന്‍ ഇന്‍ലെറ്റ് ഡെപ്യൂട്ടി മേയര്‍ ഡാനി കൗമുക് അറിയിച്ചു. നിരവധി ആളുകളാണ് തീ അണയ്ക്കുന്നതിനായി 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്. റാങ്കിന്‍ ഇന്‍ലെറ്റിന്റെ ചരിത്രത്തില്‍ ഇത്രയും നീണ്ടുനില്‍ക്കുന്ന ഒരു മാലിന്യ പ്ലാന്റ് തീപിടുത്തം ആദ്യമായാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഴ് ദിവസം നീണ്ടുനിന്ന റെക്കോര്‍ഡാണ് ഇത്തവണ തകര്‍ന്നതെന്നും ഡെപ്യൂട്ടി മേയര്‍ കൂട്ടിച്ചേര്‍ത്തു.

കടലില്‍ നിന്ന് പമ്പ് ഉപയോഗിച്ച് വെള്ളമടിച്ച് ഒരു കിലോമീറ്റര്‍ അകലെയുള്ള ലാന്‍ഡ്ഫില്ലിലേക്ക് എത്തിക്കാന്‍ റാങ്കിന്‍ ഇന്‍ലെറ്റ് ഭരണകൂടത്തെ നിലവില്‍ അഗ്‌നികോ ഈഗിള്‍ കമ്പനി സഹായിക്കുന്നുണ്ട്. മണലിനടിയില്‍ തീ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നും കടലില്‍ നിന്നുള്ള വെള്ളം എത്തുന്നതോടെ ഇത് പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫയര്‍ ചീഫ് മാര്‍ക്ക് വ്യാറ്റ് വ്യക്തമാക്കി.
വേനല്‍ക്കാലത്ത് വീടിന് പുറത്തിറങ്ങാനും ജനലുകള്‍ തുറന്നിടാനും ആഗ്രഹിക്കുന്ന പ്രദേശവാസികള്‍ പുക കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എങ്കിലും മിക്ക ദിവസങ്ങളിലും കാറ്റ് പുകയെ റാങ്കിന്‍ ഇന്‍ലെറ്റ് ജനവാസ മേഖലയില്‍ നിന്നും അകറ്റിക്കൊണ്ടുപോകുന്നത് ആശ്വാസകരമാണ്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ലാന്‍ഡ്ഫില്ലില്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള പുതിയ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോ എന്ന് വ്യക്തമാകാന്‍ സമയമെടുക്കുമെന്ന് പോലീസ് പറഞ്ഞു.
