Wednesday, July 15, 2026

ചൂടും കനത്ത പുകയും; ആഗോളതലത്തില്‍ വായുമലിനീകരണത്തില്‍ ടൊറന്റോ മുന്നില്‍

ടൊറന്റോ: ടൊറന്റോയില്‍ കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ വായുമലിനീകരണവും രൂക്ഷമാകുന്നു. വടക്കുപടിഞ്ഞാറന്‍ ഒന്റാരിയോയിലെ കാട്ടുതീയെത്തുടര്‍ന്നുണ്ടായ കനത്ത പുക നഗരത്തെ മൂടിയതോടെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വായുനിലവാരം വഷളാകാനും കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാല്‍ ഈ മുന്നറിയിപ്പ് ആഴ്ചാവസാനം വരെ നീണ്ടുനിന്നേക്കാം.

സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQAir-ന്റെ ആഗോള റാങ്കിംഗ് പ്രകാരം ബുധനാഴ്ച രാവിലെ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോ ഒന്നാം സ്ഥാനത്തെത്തി. കാട്ടുതീയില്‍ നിന്നുള്ള പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നതാണ് വായുനിലവാരം ഇത്രയും മോശമാകാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രയാന്‍ ഔസിയാക് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കാറ്റിന്റെ ദിശ മാറുന്നതോടെ മാത്രമേ ഇതില്‍ ആശ്വാസമുണ്ടാകൂ.

പുകയുടെ അളവ് കൂടുന്നതിനനുസരിച്ച് ആരോഗ്യപരമായ അപകടസാധ്യതകളും വര്‍ധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കണ്ണുകളിലും മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന അസ്വസ്ഥതകള്‍, തലവേദന, നേരിയ ചുമ എന്നിവ സാധാരണ ലക്ഷണങ്ങളാണ്. എന്നാല്‍ ശ്വാസംമുട്ടല്‍, നെഞ്ചുവേദന, കടുത്ത ചുമ എന്നിവ വരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നത് പരമാവധി പരിമിതപ്പെടുത്തണം. 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ഔട്ട്ഡോര്‍ ജീവനക്കാര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

റെക്കോര്‍ഡുകള്‍ ഭേദിച്ച് ചൂട്

നഗരത്തില്‍ ചൊവ്വാഴ്ച താപനില 36.2 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു, അന്തരീക്ഷത്തിലെ ഈര്‍പ്പം (Humidity) കൂടിയതോടെ ഇത് 40 ഡിഗ്രിക്ക് മുകളില്‍ അനുഭവപ്പെട്ടു. ബുധനാഴ്ച താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെങ്കിലും അനുഭവപ്പെടുക 36 ഡിഗ്രിക്ക് അടുത്തായിരിക്കും. സാധാരണയായി ജൂലൈ പകുതിയോടെ ടൊറന്റോയില്‍ താപനില 30 ഡിഗ്രിക്ക് മുകളില്‍ എത്താറുള്ളത് 7 ദിവസമാണെങ്കില്‍, ഈ വര്‍ഷം ഇത് ഇതിനകം 13 ദിവസമായി ഉയര്‍ന്നു കഴിഞ്ഞു.

കടുത്ത ചൂടിനെത്തുടര്‍ന്ന് ടൊറന്റോ നഗരസഭ രാത്രി വൈകിയും നീന്തല്‍ക്കുളങ്ങള്‍ തുറന്നിടുകയും അഞ്ഞൂറിലധികം കൂളിംഗ് സെന്ററുകള്‍ (Cooling Spaces) സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തെരുവില്‍ കഴിയുന്നവര്‍ക്കായി താല്‍ക്കാലിക ഷെല്‍ട്ടറുകളും ഒരുക്കിയിട്ടുണ്ട്. എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാനും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാനും ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!