ഓട്ടവ: എയര്‍ബാഗ് സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക തകരാര്‍ മൂലം കാനഡയിലും അമേരിക്കയിലുമായി വിറ്റഴിച്ച ലക്ഷക്കണക്കിന് ലാന്‍ഡ് റോവര്‍ സ്പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ (SUV) നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നു (Recall). അപകടസമയങ്ങളില്‍ ഡ്രൈവര്‍ സീറ്റിന് മുന്നിലെ എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കാനും അതുവഴി യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കമ്പനിയുടെ ഈ സുരക്ഷാ നടപടി.
കാനഡയില്‍ ഏകദേശം 25,000 വാഹനങ്ങളെയും അമേരിക്കയില്‍ 2,50,000ത്തിലധികം വാഹനങ്ങളെയുമാണ് തിരിച്ചുവിളി ബാധിക്കുക. ട്രാന്‍സ്പോര്‍ട്ട് കാനഡയുടെ വെബ്സൈറ്റില്‍ കഴിഞ്ഞ ജൂണില്‍ പ്രസിദ്ധീകരിച്ച ഈ മുന്നറിയിപ്പ് അടുത്തിടെയാണ് പുതുക്കിയത്. ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ സ്റ്റിയറിങ് വീലിലുള്ള എയര്‍ബാഗ് കണക്ടറുകളില്‍ കാലപ്പഴക്കത്താല്‍ തുരുമ്പ് വരാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ഈ തകരാര്‍ ഉണ്ടായാല്‍ എയര്‍ബാഗിന്റെ സര്‍ക്യൂട്ടിലെ പ്രതിരോധം വര്‍ദ്ധിക്കുകയും അപകടമുണ്ടാകുന്ന സമയത്ത് എയര്‍ബാഗ് തുറക്കാതെ വരികയും ചെയ്യും. ഈ പ്രശ്നം വാഹനങ്ങളിലുണ്ടെങ്കില്‍ ഡാഷ്ബോര്‍ഡിലെ എയര്‍ബാഗ് വാണിങ്് ലൈറ്റ് തെളിയുമെന്നും അധികൃതര്‍ അറിയിച്ചു.

ബാധിക്കുന്ന മോഡലുകള്‍ താഴെ പറയുന്നവയാണ്:
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ (Land Rover Defender): 2020 മുതല്‍ 2026 വരെയുള്ള മോഡലുകള്‍
ലാന്‍ഡ് റോവര്‍ ഡിസ്കവറി (Land Rover Discovery): 2021 മുതല്‍ 2026 വരെയുള്ള മോഡലുകള്‍
ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ (Land Rover Range Rover): 2022 മുതല്‍ 2026 വരെയുള്ള മോഡലുകള്‍
തകരാര്‍ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ലാന്‍ഡ് റോവര്‍ കമ്പനി കത്തുകളിലൂടെ നേരിട്ട് വിവരമറിയിക്കും. ഇത്തരം വാഹനങ്ങള്‍ അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് എയര്‍ബാഗ് കണക്ടര് ടെര്‍മിനലുകളില്‍ ഒരു പ്രത്യേക ലൂബ്രിക്കന്റ് ജെല്‍ (Grease) പുരട്ടി തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി പാര്‍ട്സുകള്‍ മാറ്റേണ്ടി വരില്ല.
കാനഡയില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചില ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിംഗിനെയും ലൈറ്റുകളെയും ബാധിക്കുന്ന ഡിസി/ഡിസി (DC/DC Converter) കണ്‍വെര്‍ട്ടര്‍ തകരാര്‍ മൂലം 14,000-ത്തിലധികം വാഹനങ്ങള്‍ ലാന്‍ഡ് റോവര്‍ തിരിച്ചുവിളിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ വന്‍തോതിലുള്ള എയര്‍ബാഗ് റീകോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
