മണ്‍ട്രിയോള്‍: കെബെക്ക് പ്രവിശ്യയില്‍ ട്രക്ക് അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി കെബെക്ക് സര്‍ക്കാര്‍. പരിചയസമ്പന്നരല്ലാത്ത ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് പ്രവിശ്യാ ഭരണകൂടം. കഴിഞ്ഞ മാസം സെന്റ്-ഹയാസിന്തില് ട്രക്കിടിച്ച് 13 വയസ്സുകാരനായ സൈക്കിള്‍ യാത്രക്കാരന് മരിച്ചതും, ഡ്രമ്മണ്ട്വില്ലില്‍ (Drummondville) കഴിഞ്ഞ ബുധനാഴ്ച മറ്റൊരു സൈക്കിള്‍ യാത്രക്കാരന് ട്രക്കിടിച്ച് പരിക്കേറ്റതുമാണ് അടിയന്തിര നടപടികളിലേക്ക് സര്‍ക്കാരിനെ നയിച്ചത്.
വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ നിയമമനുസരിച്ച്, ഒന്റാരിയോ പ്രവിശ്യയില്‍ നിന്നുള്ള രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം പരിചയസമ്പത്തുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ ക്ലാസ് 1 ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് കെബെക്ക് ലൈസന്‍സിലേക്ക് മാറ്റണമെങ്കില്‍ ഇനി മുതല്‍ പ്രായോഗിക പരീക്ഷകള്‍ക്ക് (Practical exams) വിധേയരാകണം. 24 മാസത്തില്‍ താഴെ ക്ലാസ് 1 ഡ്രൈവിങ് പരിചയമുള്ള എല്ലാ ഡ്രൈവര്‍മാര്‍ക്കും ഈ നിയമം ബാധകമാണ്. ഈ പ്രായോഗിക പരീക്ഷകളില്‍ രണ്ട് തവണ പരാജയപ്പെടുന്ന ഡ്രൈവര്‍മാര്‍ നിര്‍ബന്ധിത ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കേണ്ടി വരും.

വാണിജ്യ ഡ്രൈവിങ് ലൈസന്‍സുകളുമായി ബന്ധപ്പെട്ട് മെയ് 12-ന് ഒന്റാരിയോ ഓഡിറ്റര്‍ ജനറല്‍ പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ സുരക്ഷാ മുന്‍കരുതല്‍ എന്ന് കെബെക്ക് ഓട്ടോമൊബൈല്‍ ഇന്‍ഷുറന്‍സ് ബോര്‍ഡ് (SAAQ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമേഴ്സ്യല്‍ ഡ്രൈവിങ് പരിശീലനവും ലൈസന്‍സിങ് പ്രോഗ്രാമുകളും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്ന് ഈ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതുകൂടാതെ, താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന റോഡ് സുരക്ഷാ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി SAAQ ഒരു പ്രത്യേക വര്‍ക്കിങ്് ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട്. വിദേശ തൊഴിലാളികള്‍ക്കിടയില്‍ സുരക്ഷിതമായ ഡ്രൈവിങ് രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിയമപരമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ഈ വര്‍ക്കിങ് ഗ്രൂപ്പിന്റെ ലക്ഷ്യം.
