Thursday, July 9, 2026

കാനഡയില്‍ ആദ്യ എഐ ഡാറ്റാ സെന്ററുമായി മെറ്റാ; എഡ്മിന്റന്‍ പുതിയ സാങ്കേതിക കേന്ദ്രമാകുന്നു

കാല്‍ഗറി: കാനഡയില്‍ തങ്ങളുടെ ആദ്യത്തെ വന്‍കിട മെറ്റാ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മെറ്റ. ആല്‍ബര്‍ട്ട പ്രവിശ്യയിലെ എഡ്മിന്റന് വടക്കുള്ള സ്റ്റര്‍ജന്‍ കൗണ്ടിയിലാണ് ഈ മള്‍ട്ടി-ബില്യണ്‍ ഡോളര്‍ പദ്ധതി വരുന്നത്. ഏകദേശം 13 ബില്യണ്‍ ഡോളറിലധികം ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രവിശ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപങ്ങളില്‍ ഒന്നാണ്.

കമ്പനിയുടെ ആഗോളതലത്തിലുള്ള മുപ്പത്തിമൂന്നാമത്തെ ഡാറ്റാ സെന്ററാണിത്. ഒരു ഗിഗാവാട്ട് (1 GW) ശേഷിയുള്ള ഈ കൂറ്റന്‍ ഡാറ്റാ സെന്ററിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. 2030ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ണ്ണതോതിലാകുന്നതോടെ ഇതിന്റെ ശേഷി 1800 മെഗാവാട്ട് വരെയായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ആല്‍ബര്‍ട്ട സാങ്കേതിക-നൂതനത്വ മന്ത്രി നേറ്റ് ഗ്ലൂബിഷ് വ്യക്തമാക്കി.

നിര്‍മ്മാണത്തിന്റെ ഏറ്റവും തിരക്കേറിയ ഘട്ടത്തില്‍ 3,000 നിര്‍മ്മാണ തൊഴിലാളികള്‍ക്കും, ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 300 ഓളം പേര്‍ക്ക് സ്ഥിരം തൊഴിലവസരങ്ങളും ലഭിക്കുമെന്ന് മെറ്റായുടെ ഡാറ്റാ സെന്റര്‍ സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്റ് ഗാരി ഡിമാസി അറിയിച്ചു. പ്രവിശ്യയ്ക്ക് പ്രതിവര്‍ഷം വലിയ രീതിയിലുള്ള നികുതി വരുമാനവും ഈ പദ്ധതിയിലൂടെ ലഭിക്കും.

പദ്ധതിയെ പ്രവിശ്യാ ഭരണകൂടം വലിയ രീതിയില്‍ സ്വാഗതം ചെയ്യുമ്പോഴും, ഇതിനെതിരെ ശക്തമായ എതിര്‍പ്പുകളും ഉയരുന്നുണ്ട്. കുറഞ്ഞ ചിലവിലുള്ള കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ ഹരിത ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് പകരം പ്രകൃതിവാതകത്തെ ആശ്രയിക്കുന്നത് കാര്‍ബണ്‍ ഉദ്വമനം കൂട്ടുമെന്നാണ് പെമ്പിന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രിസിറ്റി വിഭാഗം ഡയറക്ടര്‍ ഡേവിഡ് പിക്കപ്പ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, ഡാറ്റാ സെന്ററുകളില്‍ നിന്നുള്ള കുറഞ്ഞ ഫ്രീക്വന്‍സി ശബ്ദങ്ങളും അമിതമായ ജലഉപയോഗവും പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

എന്നാല്‍ ഈ ആശങ്കകള്‍ പരിഹരിക്കാന്‍ ‘ഡ്രൈ കൂളിങ്’ (Dry Cooling System) സാങ്കേതികവിദ്യയാണ് മെറ്റാ ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ ഡാറ്റാ സെന്ററുകളില്‍ വെള്ളം ഉപയോഗിച്ചാണ് സെര്‍വറുകള്‍ തണുപ്പിക്കുന്നതെങ്കില്‍, ഇവിടെ വായു ഉപയോഗിച്ചുള്ള ക്ലോസ്ഡ്-ലൂപ്പ് സംവിധാനമായിരിക്കും. തല്‍ഫലമായി ഒരു ഗോള്‍ഫ് കോഴ്‌സിനേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഇവിടെ വാര്‍ഷിക ജലഉപയോഗം ഉണ്ടാകൂ എന്ന് കമ്പനി വ്യക്തമാക്കി. പ്രാദേശിക അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 60 മില്യണ്‍ ഡോളര്‍ അധികമായി നിക്ഷേപിക്കുമെന്നും മെറ്റാ ഉറപ്പുനല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!