സസ്കച്വാന്‍: സസ്കച്വാനില്‍ കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഉപയോഗിക്കുന്ന ‘ക്രോപ്പ് ഡസ്റ്റിങ്’ വിമാനം വൈദ്യുതി ലൈനുകളില്‍ തട്ടി തകര്‍ന്നു വീണു. വെയ്ബേണിന് തെക്കുപടിഞ്ഞാറുള്ള ബോബിയര് എന്ന ചെറിയ ഗ്രാമത്തിന് പുറത്താണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റിന് ഗുരുതരമായി പരുക്കേറ്റു.
വൈദ്യുതി ലൈനുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിലംപതിച്ച വിമാനത്തിന് തൊട്ടുപിന്നാലെ തീപിടിക്കുകയായിരുന്നു. ആര്സുഎംപി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍സ് (STARS) എയര്‍ ആംബുലന്‍സ് ഉടനടി സ്ഥലത്തെത്തിയാണ് പൈലറ്റിനെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൈലറ്റിന്റെ പരുക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തെക്കുറിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും എന്നാല്‍ നിലവില്‍ സംഭവസ്ഥലത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കാന്‍ പദ്ധതിയില്ലെന്നും ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.
