ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. അതേസമയം, തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടെ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. 30 വര്‍ഷത്തോളം ഡിഎംകെയുമായി സഹകരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും രാഷ്ട്രീയ നിലനില്‍പ്പിനുമായി മുന്നണി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരമുള്ളപ്പോള്‍ ഡിഎംകെയ്‌ക്കൊപ്പം നിന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ടിവികെ പാളയത്തിലേക്ക് മാറിയത് വഞ്ചനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് എന്തും ചെയ്യുമെന്നും വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയായി അവര്‍ മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ദീര്‍ഘകാലം ഒപ്പം നിന്ന സഖ്യകക്ഷിയെ കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ പുതിയ ധ്രുവീകരണം ദേശീയതലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയുടെ തുടക്കത്തില്‍ നിശ്ചയിക്കപ്പെട്ട സത്യവാചകത്തിന് പുറത്തുള്ള കാര്യങ്ങള്‍ കൂടി വിജയ് പറയാന്‍ ശ്രമിച്ചെങ്കിലും, ഔദ്യോഗികമായ സത്യവാചകം മാത്രം ചൊല്ലാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍ദ്ദേശിച്ചു. സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ആവേശകരമായ കയ്യടികള്‍ക്കിടയിലായിരുന്നു ഈ ചടങ്ങുകള്‍. വിജയ്ക്ക് പിന്നാലെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
