ഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് നൂറിലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.ഓണക്കാല യാത്രാ തിരക്ക് പരിഗണിച്ചാണ് ഈ തീരുമാനം.ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർവീസുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓണത്തിന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണിത്. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്നാണ് അധിക ട്രെയിൻ സർവീസുകൾ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.അതേസമയം, സൗത്തേൺ റെയിൽവേയും ഔദ്യോഗികമായി ഓണക്കാലത്ത് നൂറിലധികം പ്രത്യേക ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് അറിയിച്ചു.

മുൻവർഷങ്ങളിലും ഓണത്തിനായി പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരുന്നുവെങ്കിലും പ്രഖ്യാപനത്തിൽ വൈകിപ്പോവുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത്തവണ അതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഓണക്കാല യാത്രാ സൗകര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും റെയിൽവേ അറിയിച്ചു.
