റിയാദ്: സൗദി അറേബ്യയിൽ 2026 ആദ്യ പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 26.6 ബില്യൺ സൗദി റിയാലായി (ഏകദേശം 7 ബില്യൺ യുഎസ് ഡോളർ) ഉയർന്നതായി റിപ്പോർട്ട്. വാർഷികാടിസ്ഥാനത്തിൽ 2.4 ശതമാനമാണ് വർധനവെന്ന് സൗദി നിക്ഷേപ മന്ത്രാലയം പുറത്തുവിട്ട സാമ്പത്തിക സൂചകങ്ങൾ വ്യക്തമാക്കുന്നു.സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രോസ് ഫിക്‌സ്ഡ് കാപിറ്റൽ രൂപീകരണം മുൻ വർഷത്തേക്കാൾ 5.1 ശതമാനം ഉയർന്നു. സർക്കാർ നിക്ഷേപത്തിൽ 54 ശതമാനവും സർക്കാരിതര നിക്ഷേപത്തിൽ 1.3 ശതമാനവും വർധന രേഖപ്പെടുത്തി.
തൊഴിൽ മേഖലയിലും പുരോഗതി രേഖപ്പെടുത്തി. സൗദി പൗരന്മാരിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. മൊത്തം തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനമായി നിലനിൽക്കുന്നു.സാമ്പത്തിക വളർച്ചയുടെ ഭാഗമായി രാജ്യത്തിന്റെ റിയൽ ജിഡിപി 2026 ആദ്യ പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 3 ശതമാനം വർധിച്ചു. എണ്ണ, എണ്ണേതര മേഖലകളിലെ പ്രവർത്തനങ്ങളിൽ 2.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, റിയൽ എസ്റ്റേറ്റ് മേഖലയിലെ വില സൂചിക 1.6 ശതമാനം കുറഞ്ഞു. റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകളിലെ 3.6 ശതമാനം ഇടിവാണ് ഈ കുറവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. സൗദി അറേബ്യയുടെ വിഷൻ 2030 സാമ്പത്തിക പരിഷ്കാര പദ്ധതികളുടെ പശ്ചാത്തലത്തിലാണ് വിദേശ നിക്ഷേപവും മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയും മുന്നേറുന്നതെന്നാണ് വിലയിരുത്തൽ.
