ഓട്ടവ: കാനഡയിലും അമേരിക്കയിലുമുള്ള പതിനായിരക്കണക്കിന് ടെല്ലുറൈഡ് (Telluride) എസ്യുവികള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മാതാക്കളായ കിയ. വാഹനത്തിന്റെ പവര്‍ സീറ്റ് മോട്ടറുകള്‍ക്ക് തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടി. വാഹനം പാര്‍ക്ക് ചെയ്തിരിക്കുമ്പോഴും എഞ്ചിന്‍ ഓഫാക്കി ഇട്ടിരിക്കുമ്പോഴും ഇത്തരത്തില്‍ തീപിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
2020 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ടെല്ലുറൈഡ് മോഡലുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. തകരാര്‍ പരിഹരിക്കുന്നത് വരെ ഈ വാഹനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും മറ്റ് നിര്‍മിതികളില്‍ നിന്നും അകറ്റി പുറത്തുമാത്രം പാര്‍ക്ക് ചെയ്യാന്‍ കിയ കാനഡ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. സീറ്റ് മോട്ടറുകള്‍ അമിതമായി ചൂടാകുന്നതാണ് വില്ലനാകുന്നത്.

ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ക്ക് കിയ ഡീലര്‍ഷിപ്പുകളില്‍ വാഹനം എത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് തപാല്‍ വഴി അയക്കുമെന്ന് കമ്പനി അറിയിച്ചു. സീറ്റ് സ്വിച്ചുകള്‍ക്ക് എന്തെങ്കിലും സ്ഥാനചലനമോ കേടുപാടുകളോ സംഭവിച്ചാല്‍ സീറ്റ് മോട്ടര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് തടയുന്നതിനായി ഡീലര്‍മാര്‍ പുതിയൊരു ‘ഇലക്ട്രോണിക് ഫ്യൂസ് അസംബ്ലി’ വാഹനങ്ങളില്‍ സ്ഥാപിക്കും. ഇത് സൗജന്യമായിട്ടായിരിക്കും ചെയ്തു നല്‍കുക.
ലക്ഷക്കണക്കിന് വാഹനങ്ങളെ ബാധിക്കും
ട്രാന്‍സ്‌പോര്‍ട്ട് കാനഡ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കാനഡയില്‍ മാത്രം 20,563 വാഹനങ്ങളെ ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ട്. ഡ്രൈവര്‍ സീറ്റിലെയും പാസഞ്ചര്‍ സീറ്റിലെയും പവര്‍ മോട്ടറുകള്‍ക്കാണ് തകരാര്‍. അമേരിക്കയില്‍ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ (NHTSA) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അവിടെ 4,63,000 വാഹനങ്ങളെയാണ് ഈ തകരാര്‍ ബാധിക്കുന്നത്.
നേരത്തെ ഇതേ തകരാറിന് (Recall No. 2024-323) കിയ ഡീലര്‍മാര്‍ വഴി അറ്റകുറ്റപ്പണികള്‍ നടത്തിയ വാഹനങ്ങള്‍ ഉണ്ടെങ്കില്‍, അവ കൃത്യമായ രീതിയിലല്ല ചെയ്തതെന്നും അല്ലെങ്കില്‍ ഫലപ്രദമായിട്ടില്ലെന്നും കനേഡിയന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ അത്തരം വാഹനങ്ങളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.
കാനഡയില്‍ ഇതുവരെ തീപിടുത്ത സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, അമേരിക്കയില്‍ ഈ തകരാര്‍ മൂലം സീറ്റുകള്‍ക്ക് തീപിടിച്ച 7 സംഭവങ്ങളും മോട്ടറുകള്‍ ഉരുകിപ്പോയ 11 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് 1-877-542-2886 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ കിയ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വാഹനം ഈ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കുകയോ ചെയ്യാവുന്നതാണ്.
